കാർഷികനിയമം തള്ളാൻ കേരളനിയമസഭ ; ബുധനാഴ്ച പ്രത്യേക സമ്മേളനം ചേരും

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ തീരുമാനം. കാര്‍ഷിക നിയമഭേദഗതികള്‍ വോട്ടിനിട്ട് തളളാനാണ് പ്രത്യേക സമ്മേളനം. നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും.
കര്‍ഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങള്‍ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തില്‍ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരംസ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുക.
സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.
അതേസമയം, അതിശൈത്യത്തിനെയും അതിജീവിച്ചു കര്‍ഷക സമരം ഇരുപത്തിയഞ്ചാം ദിവസവും തുടരുകയാണ്. സമരതിനിടെ തണുപ്പ് മൂലവും റോഡ് അപകടങ്ങളിലും 33 കര്‍ഷകര്‍ക്കാണ് ഇത് വരെ ജീവന്‍ നഷ്ടമായത്. ഇവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിച്ച് ഇന്ന് ശ്രദ്ധാഞ്‌ജലി ദിവസമായി കര്‍ഷകര്‍ ആചരിച്ചു. സമര വേദികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.