പെരിയ കേന്ദ്ര സർവകലാശാല എയ്‌ഡ് പോസ്റ്റ് പണി പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞു ; ഇരിക്കാൻ പോലീസ് ഇത് വരെ എത്തിയില്ല

പെരിയ: പോലീസിനായി കാത്തിരിക്കുന്നൊരു പുത്തൻ എയ്‌ഡ് പോസ്റ്റുണ്ട് പെരിയ കേന്ദ്ര സർവകലാശാലയിൽ. മുഴുവൻ പണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞെങ്കിലും എയ്‌ഡ് പോസ്റ്റിലിരിക്കാൻ പോലീസുകാർ ഇതുവരെ എത്തിയിട്ടില്ല.
പെരിയ ടൗണിൽ ഷീറ്റുകെണ്ടുണ്ടാക്കിയ കുടുസ്സു മുറിയിലാണ് നിലവിൽ എയ്‌ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. 2019-ൽ കേന്ദ്ര സർവകലാശാലയിൽ അന്നത്തെ വൈസ് ചാൻസലറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് നടത്തിയ യോഗത്തിലാണ് സർവകലാശാലയുടെ ചെലവിൽ എയ്‌ഡ് പോസ്റ്റിനായി കെട്ടിടം നിർമിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഏഴുലക്ഷം രൂപ ചെലവിൽ കഴിഞ്ഞ ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കി.
പെരിയ-തണ്ണോട്ട് റോഡിൽ ദേശീയപാതയോടുചേർന്നാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. വാടക, വൈദ്യുതി, വെള്ളം തുടങ്ങിയ ചെലവുകളെല്ലാം സർവകലാശാല വഹിക്കും. ശൗചാലയമടക്കമുള്ള സൗകര്യം കെട്ടിടത്തിലുണ്ട്.
നിർമിക്കാനുള്ള തീരുമാനമല്ലാതെ പ്രാവർത്തികമാക്കുവാനുള്ള നടപടികൾ പിന്നീടുണ്ടായില്ല. ജില്ലാ പോലീസ് അധികാരികളും സർവകലാശാലയും കൂടിയാലോചിച്ച് ഒരു തീരുമാനം മാത്രമാണ് ഇനി ആവശ്യം. എയ്ഡ് പോസ്റ്റ് ആരംഭിച്ചാൽ സർവകലാശാലയിലെ വിദ്യാർഥിപ്രശ്നങ്ങളിൽ പോലീസിന് പെട്ടന്ന് ഇടപെടാനാകും. നിലവിൽ ബേക്കലിൽനിന്ന് പോലിസെത്തിയാണ് പ്രശ്നങ്ങൾ തീർപ്പാക്കുന്നത്.