ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങി

ഉദുമ: അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയിലെ ദൃശ്യ വിരുന്ന് ആസ്വദിക്കാൻ ആദ്യദിവസമെത്തിയത് 325-ലധികം പേർ.
ബേക്കൽ കോട്ടയുടെ ഉള്ളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഞായറാഴ്ച രാത്രി തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനാണ് മഹാമാരി കൂസാതെ ജനം തടിച്ചു കൂടിയത്. കോട്ടയുടെ ചരിത്രം, നൂതനരീതിയിലുള്ള ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് പരിപാടി.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കോട്ട കൊത്തളങ്ങളെയും കോട്ടയിലുള്ള വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കിയാണ് പരിപാടി അവതരിപ്പിക്കുന്നത്. സിനിമാനടൻ ജയറാമും ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്
ഫ്രഞ്ച് സാങ്കേതിക സംവിധാനമായ ‘സോൺ-എറ്റ്-ലുമിയർ’ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഷോ ആണിതെന്ന് സംഘാടകർ പറഞ്ഞു. ഇനിമുതൽ ദിവസവും വൈകീട്ട് ആറരയോടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കുള്ള പ്രവേശനം ആരംഭിക്കും.
രാത്രിപ്രദർശനം കാണാനെത്തുന്നവരെ കോട്ടയുടെ മറ്റിടങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ല. ഒരാൾക്ക് 125 രൂപയാണ് നിരക്ക്. ഇതിൽ 25 രൂപ പ്രവേശനഫീസിനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.)ക്ക് നൽകും. ബാക്കിത്തുക ഡി.ടി.പി.സി.യും എ.എസ്.ഐ.യും തുല്യമായി വീതിക്കും.