നീലേശ്വരം പള്ളിക്കര മേൽപ്പാലം പണി പുരോഗതിയിൽ ; 2021 മേയ് മാസത്തോടെ പൂർത്തീകരിക്കും

നീലേശ്വരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാകാൻ ഇനി ചുരുങ്ങിയ കാലം മാത്രം. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം പണി 2021 മേയ് മാസത്തോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാർ പറഞ്ഞു. നിലവിൽ തടസ്സങ്ങളെല്ലാം നീങ്ങി പണി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. റെയിൽവേ അനുമതി കിട്ടിയതോടെ ശേഷിച്ച നാല് തൂണുകളുടെ പ്രവൃത്തി പാതി പിന്നിട്ടു. അനുമതി ലഭിച്ച് ഒരുമാസത്തിനകം തൂണുകൾക്കാവശ്യമായ 24 പൈലിങ്ങുകളും പൂർത്തീകരിച്ചിരുന്ന
നിലവിൽ രണ്ട് തൂണുകളുടെ പൈൽ കാപ്പിട്ട് പിയറിന്റെ പണിയും പൂർത്തീകരിച്ചു. ഇവിടെ പിയർ കാപ്പ് ഇടാനും തുടങ്ങി. അവശേഷിക്കുന്ന രണ്ട് തൂണുകളുടെ പിയറിന്റെ പണിയും ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് സൈറ്റ് മാനേജർ പറഞ്ഞു. വൈകാതെ സ്റ്റീൽ ഗ്ലൈഡറും സ്ഥാപിക്കാനുള്ള സജ്ജീകരണങ്ങളും പൂർത്തീകരിച്ചു.
റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് തൂണുകൾ സ്ഥാപിക്കാനുള്ള അനുമതി റെയിൽവേ ചെന്നൈ ഡിവിഷനിൽനിന്ന് ലഭിച്ചതോടെയാണ് മന്ദഗതിയിലായിരുന്ന പ്രവൃത്തിക്ക് പുതുജീവൻ കിട്ടിയത്.
മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെപ്റ്റംബറിൽ അനുമതി ലഭിക്കുന്നത്. പാലം പണിക്ക് മണ്ണ് ലഭിക്കാതിരുന്ന പ്രശ്നവും പരിഹരിച്ചു. ആകെ എട്ട് തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാല് തൂണുകൾ നേരത്തെ തന്നെ നിർമാണച്ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി പൂർത്തിയാക്കിയിരുന്നു. 64.44 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ എൺപത് ശതമാനത്തോളം പണി ഇതിനോടകം പൂർത്തിയായി. വേഗത്തിലും എളുപ്പത്തിലും പണി പൂർത്തീകരിക്കാനിരുന്ന ഇ.പി.സി. മാതൃകയിലാണ് പണി.