ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് കടന്നുപോയത് കെ.എസ്.ആർ.ടി.സി. ബസാണെന്ന് തെളിഞ്ഞു : അപകടത്തിൽ യാത്രക്കാരൻ മരിച്ചിരുന്നു

ചെറുവത്തൂർ: ദേശീയപാതയിൽ ചെറുവത്തൂർ ചെക്ക് പോസ്റ്റിന് സമീപത്ത് കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് കടന്നുപോയ വാഹനം ചന്തേര പോലീസ് കണ്ടെത്തി. എറണാകുളത്തുനിന്ന് മംഗളൂരുവിലേക്ക് പോയ കെ.എൽ. 15 എ. 1365 കെ.എസ്.ആർ.ടി.സി.സൂപ്പർ ഡീലക്സ് ബസ് മംഗളൂരുവിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. ദേശീയപാതയോട് ചേർന്നുള്ള നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആർ.ടി.സി. ബസാണ് ബൈക്കിൽ ഇടിച്ചതെന്ന് സ്ഥിരീകരിച്ചത്. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ബന്ധുവീട്ടിൽനിന്ന് നീലേശ്വരം ചെമ്മാക്കരയിലേക്ക് പോകുകയായിരുന്ന വിജേഷി (31) നെയാണ് ഇടിച്ചിട്ടത്. വിജേഷ് അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു.