പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു. ലിനീഷ്, ദാസൻ, ബിനു, ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പാലക്കാട് നഗരസഭാ ഭരണം ബിജെപി നിലനിർത്തിയതിന്റെ ആഘോഷത്തിനിടെയാണ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്ന് എഴുതിയ ഫ്ളക്സ് നഗരസഭാ കെട്ടിടത്തിന് മുകളിൽ ഉയർത്തിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

