കോവിഡിനെ തോൽപ്പിച്ച എബ്രഹാം തോമസ് അന്തരിച്ചു

പത്തനംതിട്ട: കോവിഡ് 19നെ അദ്ഭുതകരമായി അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ എബ്രഹാം തോമസ് (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
കേരളത്തില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് തോമസിനും കുടുംബാംഗങ്ങള്‍ക്കുമായിരുന്നു. 93ാം വയസില്‍ കോവിഡിനെ കീഴടക്കിയ ഏബ്രഹാം തോമസ് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കോവിഡ് മുക്തനായി എട്ട് മാസത്തിനുശേഷമാണ് മരണം.
ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയ ഏബ്രഹാം തോമസിനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും മാര്‍ച്ച് എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഏബ്രഹാം തോമസിനെയും ഭാര്യയെയും ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലുമാണ് ചികിത്സിച്ചത്
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ പല തവണ ഇരുവരുടെയും നില ഗുരുതരമായിരുന്നു. എന്നാല്‍ 27 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോവിഡിനെ തോല്‍പിച്ച് ഏപ്രില്‍ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രോഗ മുക്തി നേടിയാണ് ഇദ്ദേഹവും ഭാര്യയും വീട്ടിലേക്ക് മടങ്ങിയത്.
മറിയാമ്മയാണ് ഭാര്യ. മക്കള്‍: ജോസ്, വത്സമ്മ, മോന്‍സി (ഇറ്റലി), പരേതനായ കുഞ്ഞുമോന്‍ മരുമക്കള്‍: ഓമന, ജെയിംസ്, രമണി (ഇറ്റലി).

