KSDLIVENEWS

Real news for everyone

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആർ.ഡി. കോളേജിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വിദ്യാർഥികൾ : ഇവിടെ പഠനം കമ്യൂണിറ്റി ഹാളിലാണ്‌

SHARE THIS ON

കുമ്പള:ഏറെ പ്രതീക്ഷയോടെ വർഷങ്ങൾക്കുമുമ്പ് കുമ്പളയിൽ ആരംഭിച്ച മഞ്ചേശ്വരം ഐ.എച്ച്.ആർ.ഡി. കോളേജിൽ സ്വന്തമായി കെട്ടിമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ദുരിതം. 2008-ൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ അനുവദിച്ച കോളേജ് താത്കാലിക സംവിധാനമെന്ന നിലയിൽ കുമ്പള ടൗണിനോട് ചേർന്നുള്ള പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലും ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടത്തിലും ക്ലാസുകളാരംഭിക്കുകയായിരുന്നു

വർഷങ്ങൾ ഒട്ടേറെ കഴിഞ്ഞിട്ടും വേണ്ടത്ര കെട്ടിടങ്ങളുണ്ടാക്കുന്നതിനോ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിനോ അധികൃതർക്കായിട്ടില്ല. ആദ്യഘട്ടത്തിൽ തന്നെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ബി.കോം. തുടങ്ങിയ കോഴ്‌സുകളും കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഇവിടെ നടത്തുന്നുണ്ട്. ജില്ലയുടെ പിന്നാക്ക മേഖലയായതിനാൽത്തന്നെ മലയോരമേഖലയിൽ നിന്നുൾപ്പെടെ 226 വിദ്യാർഥികൾ കോവിഡ് മഹാമാരിക്കുമുമ്പ് ഇവിടെ പഠനം നടത്തിയിരുന്നു.

ലൈബ്രറി, ലബോറട്ടറി, ആവശ്യമായ ശൗചാലയങ്ങൾ എന്നിവയൊരുക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. കുണ്ടങ്കരടുക്കയിൽ കെട്ടിട സൗകര്യങ്ങളൊരുങ്ങുന്നുണ്ടെന്നും മൂന്ന് ക്ലാസ് മുറികൾ നടത്തുന്നതിനാവശ്യമായ കെട്ടിടമൊരുങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

എം.എൽ.എ. ഫണ്ടിൽനിന്ന്‌ അനുവദിച്ച കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാവാനുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!