കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് : ഇടതിന് വോട്ടുചെയ്ത ലീഗ് കൗൺസിലർമാരുടെ കത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ടുചെയ്ത മുസ്‌ലിം ലീഗ് കൗൺസിലർമാരുടെ രാജിസന്നദ്ധത കത്ത് പാർട്ടി ജില്ലാ കമ്മിറ്റിക്ക് കൈമാറി.
എന്നാൽ ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റി ചർച്ചചെയ്തില്ലെന്നും രണ്ടുദിവസത്തിനു ശേഷമേ യോഗം ചേരുകയുള്ളൂവെന്നും ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്കുഞ്ഞി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിക്കാണ് രാജിസന്നദ്ധത കത്ത് നൽകിയത്.
ഇടതുപക്ഷത്തെ കെ.വി.സുജാതയ്ക്ക് വോട്ടുചെയ്ത ഒന്നാംവാർഡ് കൗൺസിലർ അസ്മ മാങ്കൂൽ, 27-ാം വാർഡ് കൗൺസിലർ ഹസീന റസാഖ് എന്നിവരും വോട്ട് അസാധുവാക്കിയ 40-ാം വാർഡിലെ സി.എച്ച്.സുബൈദയുമാണ് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് കാണിച്ച് കത്ത് നൽകിയത്.
ഈ കത്തുകളിൽ ജില്ലാ കമ്മിറ്റി തുടർ നടപടി സ്വീകരിച്ചാൽ മൂന്ന് കൗൺസിലർമാരും നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകേണ്ടി വരും. ഇതോടെ മൂന്നു വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
അബദ്ധം പിണഞ്ഞതാണെന്ന് സുബൈദ
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവായത് അബദ്ധത്തിലാണെന്ന് 40-ാം വാർഡ് കൗൺസിലർ മുസ്‌ലിം ലീഗിലെ സി.എച്ച്.സുബൈദ.
ഇങ്ങനെ സംഭവിച്ചുപോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടിയെടുക്കുന്ന എന്ത് അച്ചടക്കനടപടിയും ശിരസാവഹിക്കുമെന്നും അവർ വ്യക്തമാക്കി.

