ബദിയഡുക്ക ഗോളിയഡുക്കയിലെ
വീട്ടിൽ നിന്നു 40 പവൻ സ്വർണ്ണാഭരണം കവർന്നു ; കള്ളൻ കടന്നത് അലമാരയുടെ താക്കോലുമായി

ബദിയഡുക്ക : അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണ്ണാഭരണം കവർച്ച ചെയ്തു . ഗോളിയഡുക്കയിലെ ഗൾഫുകാരനായ ഹാരിസിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ കാണാതായത് . ഇതുസംബന്ധിച്ചു ഹാരിസിന്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് അന്വേഷണമാരംഭിച്ചു . ഈ മാസം 20 ന് ഹാരിസും കുടുംബവും വീടുപൂട്ടി പുത്തൂരിലുള്ള ബന്ധുവീട്ടിൽ പോയിരുന്നു . അലമാരയുടെ താക്കോൽ അലമാരക്കു മുകളിലാണ് പതിവായി സൂക്ഷിക്കാറുള്ളത് . പുത്തൂരിൽ പോയി അന്നു തന്നെ ഹാരിസും കുടുംബവും തിരിച്ചെത്തിയിരുന്നു . പിറ്റേന്ന് മറ്റ് ആവശ്യത്തിന് അലമാര തുറക്കാൻ നോക്കി യെങ്കിലും താക്കോൽ പതിവായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നു കാണാതാവുകയായിരുന്നു . പിന്നീടു പത്തു ദിവസത്തോളം അലമാരയുടെ താക്കോൽ പലേടത്തും അന്വേഷിച്ചു . എവിടെയും കണ്ടെത്താതിരുന്നതിനെത്തുടർന്ന് ഇന്നലെ വിദഗ്ധതൊഴിലാളികളെ കൊണ്ടുവന്നു അലമാരയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ കാണാതായ വിവരമറിഞ്ഞത് . വീടിന്റെയോ അലമാരയുടെയോ പൂട്ടുപൊളിച്ചിരുന്നില്ല . എന്നാൽ വീട്ടിനുള്ളിലെ അലമാരക്കു മുകളിൽ താക്കോൽ കാണാതാവുകയും അതുപയോഗിച്ച് അലമാര തുറന്നു സ്വർണ്ണാഭരണം മാത്രം മോഷ്ടിക്കുകയും ചെയ്തതു പൊലീസിനെയും അത്ഭുതപ്പെടുത്തുന്നു . എന്തായാലും വീടിനെക്കുറിച്ചും അലമാരയുടെ താക്കോൽ വയ്ക്കുന്ന സ്ഥലവും അലമാരയിൽ സ്വർണ്ണാഭരണമുള്ളതും അറിയാവുന്നവരായിരിക്കും മോഷണത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു .

