സമരത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: പുതിയ കാർഷികനിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനാതിർത്തികളിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും സംയുക്ത കിസാൻ മോർച്ചയും നടത്തിയനിർണായകചർച്ച ഫലം കണ്ടില്ല. വിജ്ഞാൻ ഭവനിലാണ് ചർച്ച നടന്നത്.
സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ചർച്ചയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സർക്കാർ കർഷകരെ അറിയിച്ചു.
വിജ്ഞാൻഭവനിലെ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ പ്രതിനിധികളും കർഷകർക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു. ചർച്ചയ്ക്ക് വരുമ്പോൾ കർഷകർ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചർച്ചയ്ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തം നിലയ്ക്കെത്തിച്ച ഭക്ഷണമായിരുന്നു കർഷകർ കഴിച്ചത്.
മൂന്ന് കാർഷികനിയമങ്ങളിലും ഭേദഗതികളല്ല, അവ മുഴുവനായി റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ചർച്ചചെയ്യണമെന്നാണ് കർഷകരുടെ മുഖ്യആവശ്യം. കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇന്നത്തെ ചർച്ച ഇരുപക്ഷത്തും വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷം മുതൽ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കർഷകർ.

