ബേക്കൽ കോട്ടയിൽ കയറാൻ ഓൺലൈൻ ബുക്കിംഗ് മാത്രം ദുരിതമാകുന്നു

കാസര്‍ഗോഡ്: ബേക്കല്‍കോട്ട കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് കടലാസ് ടിക്കറ്റ് സംവിധാനം ലഭ്യമല്ലാത്തത് സന്ദര്‍ശകര്‍ക്ക് ദുരിതമാകുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന ടിക്കറ്റ് മുഖേന മാത്രമാണ് ഇപ്പോള്‍ കോട്ടയ്ക്കകത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പരിഗണിച്ചാണ് കടലാസ് ടിക്കറ്റ് ഒഴിവാക്കിയതെന്നു പറയുന്നു. ടിക്കറ്റെടുക്കാതെ കോട്ടയുടെ പ്രവേശനകവാടത്തില്‍ നേരിട്ടെത്തുന്നവരോടും തത്സമയം ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തെക്കുറിച്ച് അവബോധമില്ലാത്തവര്‍ കോട്ടയില്‍ കയറാന്‍ പലപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെയാണ് ടിക്കറ്റ് എടുക്കുന്നത്. ഒരാള്‍ക്ക് 25 രൂപയാണ് പ്രവേശന ഫീസ്. ചെറിയ കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

