KSDLIVENEWS

Real news for everyone

കെ.ടി ജലീലിന് പി.കെ ഫിറോസിനോട് പക; ഫണ്ട് ആരോപണം മന്ത്രിയുടെ തിരക്കഥ -സി.കെ സുബൈര്‍

SHARE THIS ON

കോഴിക്കോട്: കഠുവ ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾക്കെതിരേ ഉയർന്ന് വന്ന ആരോപണത്തിൽ വിശദീകരണവുമായി യൂത്ത്-ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ. ആരോപണത്തിന് പിന്നിൽ കെ.ടി ജലീലിന്റെ തിരക്കഥയാണ്. പി.കെ ഫിറോസ് മൂലം തന്റെ മുഖം വികൃതമായതിലെ പകയാണ് കെ.ടി ജലീലിന്. അതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ ലക്ഷ്യം വെക്കുകയാണെന്നും സി.കെ സുബൈർ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഠുവ-ഉന്നാവോ ഫണ്ടിൽ കോടികൾ വന്നൂവെന്നാണ് ആരോപണം. ഇത് തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. 39,33,697 രൂപ മാത്രമാണ് കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിൽ ഇതുമായി ബന്ധപ്പെട്ട് വന്നത്. ഇതിൽ 24,60,000 രൂപ ചെലവായെന്നും ബാക്കി 14,73,697 രൂപ അക്കൗണ്ടിൽ തന്നെയുണ്ടെന്നും സി.കെ സുബൈർ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നാണ് മന്ത്രി കെ.ടി ജലീൽ പറയുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം തെറ്റെന്ന് തെളിഞ്ഞാൽ കെ.ടി ജലീൽ മാപ്പ് പറയുമോയെന്നും സി.കെ സുബൈർ ചോദിച്ചു.

കഠുവയിലെ കുടുംബത്തിന് അഞ്ച് പൈസ കൊടുത്തിട്ടില്ല എന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. കുടുംബത്തിന് പണം കൈമാറുന്നതിന്റെ ചിത്രങ്ങളടക്കം ഇതിനകം തന്നെ പുറത്ത് വന്നതാണ്. പിരിച്ചുകിട്ടിയ പണം ഉപയോഗിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി യുവജന യാത്രയുടെ കടം വീട്ടിയെന്നാണ് മറ്റൊരു ആരോപണം. ഇത് വാസ്ത വിരുദ്ധമാണ്. കഠുവ-ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കേ പി.കെ ഫിറോസിനെ ഇതിലേക്ക് വലിച്ചഴിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സി.കെ സുബൈർ ചൂണ്ടിക്കാട്ടി.

ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരേ ആദ്യ ഘട്ടത്തിൽ രംഗത്ത് വന്ന യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ അടുത്തിരുത്തിയായിരുന്നു സി.കെ സുബൈറിന്റെ വാർത്താ സമ്മേളനം. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നൂവെന്നും അത് പരിഹരിച്ചുകഴിഞ്ഞൂവെന്നും മുഈനലി ശിഹാബ് തങ്ങളും പറഞ്ഞു. ബോംബെയിലെ കമ്മിറ്റിയിലാണ് കണക്ക് അവതരിപ്പിച്ചത്. ആ കമ്മിറ്റിയിൽ നിന്ന് മുഈനലി തങ്ങൾ നേരത്തെ ഇറങ്ങിപ്പോയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുന്നിൽ കണക്കെത്താതിരുന്നതെന്ന് സി.കെ സുബൈർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!