കോണ്‍ഗ്രസ് ‘തെമ്മാടികള്‍’ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: സച്ചിൻ തെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസിന്റെ നടപടിയിൽ രൂക്ഷ വിമർശവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോൺഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഭാരത രത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേൽ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവർ വ്രണപ്പെടുത്തി’ – ട്വിറ്ററിലൂടെ ശ്രീശാന്ത് ആരോപിച്ചു.
ഈ പ്രവൃത്തിയെ അപലപിക്കുന്നതിലൂടെ താൻ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. അവരുടെ നിന്ദ്യമായ പ്രവൃത്തി രാഷ്ട്രത്തെ അപമാനിക്കലാണെന്നും ശ്രീശാന്ത് കുറിച്ചു.
‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെ പോലെ നിരവധി ആൺകുട്ടികൾ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്. സച്ചിനോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. നിങ്ങൾ ഇപ്പോഴും എല്ലാഴ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’ ശ്രീശാന്ത് മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചത്. കർഷക സമരത്തെ പിന്തുണച്ച വിദേശ താരങ്ങൾക്കെതിരെ സച്ചിൻ ട്വീറ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.

