186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ്: മലപ്പുറത്തെ രണ്ട് സ്‌കൂളുകള്‍ അടച്ചുപൂട്ടി

എരമംഗലം (മലപ്പുറം): മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ ആർ.ടി. പി.സി.ആർ. പരിശോധനയിൽ 186 വിദ്യാർഥികൾക്കും 74 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്കൂളുകൾ അടിയന്തരമായി അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പഠനം ആരംഭിച്ചിരുന്നു.
മാറഞ്ചേരി സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവരെുടെ സാമ്പിൾ ആർ.ടി. പി.സി.ആർ. പരിശോധനയ്ക്കായി എടുത്തത്. ഞായറാഴ്ച വൈകീട്ടോടെയാണ് പരിശോധനാഫലം പുറത്തുവന്നത്. ഇതിൽ മാറഞ്ചേരി സ്കൂളിൽ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും വന്നേരി സ്കൂളിൾ 40 അധ്യാപകർക്കും 36 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശ്ശൂർ ജില്ലയിലെ വടക്കേകാട് മേഖലയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
മാറഞ്ചേരി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സാമ്പിൾ പരിശോധനയ്ക്ക് ഇതുവരെ എടുത്തിട്ടില്ല. തിങ്കളാഴ്ച സാമ്പിൾ എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
നിലവിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികളും അധ്യാപകരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട അധ്യാപകരും വിദ്യാർഥികളും ഇതിനോടകം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. വരുംദിവസങ്ങളിൾ മറ്റു വിദ്യാലയങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് ആലോചിക്കുന്നു.

