KSDLIVENEWS

Real news for everyone

കോവിഡിൽ നിർത്തിവെച്ച റാണിപുരം സർവീസ് ഇത്വരെയായും പുനരാരംഭിച്ചില്ല: മലയെ മറന്ന് കെ.എസ്.ആർ.ടി.സി.

SHARE THIS ON

രാജപുരം : കോവിഡ് കാലത്ത് അടച്ചിട്ട മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം തുറന്നിട്ട് മാസങ്ങളായി. അപ്പോഴും കോവിഡിന്റെ പേര് പറഞ്ഞ് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് പുനരാരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് കോവിഡ് പടരാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിലാണ് റാണിപുരം വിനോദസഞ്ചാരകേന്ദ്രം അടച്ചത്. ഇതോടെയാണ് ബസുകൾ താത്കാലികമായി സർവീസ് നിർത്തിയത്. നിലവിൽ മറ്റെല്ലാ റൂട്ടുകളിലും സർവീസ് തുടങ്ങിയെങ്കിലും റാണിപുരത്തേക്കുള്ള ബസുകൾ മാത്രം ഓടിത്തുടങ്ങിയിട്ടില്ല. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് സർവീസുകളാണ് കെ.എസ്.ആർ.ടി.സി. റാണിപുരത്തേക്ക് നടത്തിയിരുന്നത്. വിനോദസഞ്ചാരികൾക്കൊപ്പം ഈ മേഖലയിലെ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഏറെ ഉപകാരമായിരുന്നു ഈ സർവീസുകൾ.

കോവിഡ് ഭീതി കുറഞ്ഞതോടെ ഡിസംബറിലാണ് വിനോദസഞ്ചാരകേന്ദ്രം വീണ്ടും തുറന്നത്. ഇതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ജനുവരിയിൽ മാത്രം 5664 സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. രാവിലെ എത്തുന്ന ബസിൽ വന്ന് വൈകുന്നേരത്തെ സർവീസിൽ തിരിച്ചുപോകുന്ന തരത്തിൽ മുൻപ് നിരവധി സഞ്ചാരികളാണ് റാണിപുരത്ത് എത്തിയിരുന്നത്. ബസുകൾ സർവീസ് നിർത്തിയതോടെ സഞ്ചാരികൾ ടാക്‌സി വാഹനങ്ങൾക്ക് വലിയ വാടക നൽകിയാണ് ഇപ്പോൾ റാണിപുരത്തേക്ക് എത്തുന്നത്. ലാഭകരമായി സർവീസ് നടത്തിയിരുന്ന ബസ്‌ സർവീസ് വീണ്ടും തുടങ്ങണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം

നിവേദനം നൽകി

റാണിപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പനത്തടി പഞ്ചായത്തംഗം രാധാ സുകുമാരന്റെ നേതൃത്വത്തിൽ നാട്ടുകാർ കാഞ്ഞങ്ങാട് അസി. ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ, എൻ.ഐ. ജോയി, എ.പി. ബാലചന്ദ്രൻ, പി.ബി. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വിനോദസഞ്ചാരകേന്ദ്രമെന്ന പരിഗണന നൽകണം

:പല സ്ഥലങ്ങളിലേക്കും സ്ഥിരം ട്രക്കിങ്ങിന് പോകുന്ന വിനോദസഞ്ചാരിയാണ് ഞാൻ. ഇടയ്ക്കിടെ റാണിപുരത്തേക്കും പോകാറുണ്ട്. ചെറിയ ചെലവിൽ എത്താൻ കഴിയുന്നതിനാൽ മിക്കപ്പോഴും കെ.എസ്.ആർ.ടി.സി. സർവീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ മാസങ്ങളായി റാണിപുരത്തേക്ക് ബസ് സർവീസ് നിർത്തിവെച്ചിരിക്കയാണ്. ഇത് സഞ്ചാരികൾക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന പരിഗണന നൽകി കെ.എസ്.ആർ.ടി.സി. വേഗം സർവീസ് പുനരാരംഭിക്കണം.

മോഹനൻ

ബിരിക്കുളം, വിനോദസഞ്ചാരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!