പൗരത്വ നിയമം : വാക്സിൻ വിതരണം പൂർത്തിയായാൽ നടപടി ആരംഭിക്കും -അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണം പൂര്‍ത്തിയായാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിന്‍ വിതരണം പൂര്‍ത്തിയാകുകയും നമ്മള്‍ കോവിഡ് മുക്തമാകുകയും ചെയ്താലുടന്‍ പശ്ചിമ ബംഗാളിലെ മതുവ സമുദായമുള്‍പ്പെടെ പൗരത്വ ഭേദഗതി നിയമ പരിധിയില്‍ വരുന്ന അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ ആരംഭിക്കും -അമിത് ഷാ പറഞ്ഞു. പൗരത്വ ഭേഗഗതി ആക്‌ട് പാര്‍ലമെന്‍റിന്‍െറ നിയമമാണ്. എങ്ങിനെയാണ് നിങ്ങള്‍ക്ക് അത് തടയാനാകുക? മാത്രമല്ല, നിങ്ങള്‍ അത് തടയാന്‍ അധികാരത്തിലുമല്ല -അദ്ദേഹം പറഞ്ഞു.ബംഗാളില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്ബ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിക്കാന്‍ തുടങ്ങുമെന്ന് കൂച്ച് ബെഹറില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇന്ത്യയിലല്ലെങ്കില്‍ പിന്നെ പാകിസ്താനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടതെന്നും അമിത് ഷാ ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രക്രിയ പോലും ആരംഭിച്ചിട്ടില്ലെന്നും കാവി പാര്‍ട്ടി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

