KSDLIVENEWS

Real news for everyone

എന്‍.സി.പി ഇടതുമുന്നണിയില്‍ തുടര്‍ന്നേക്കും; കാപ്പന്‍ മാത്രം യു.ഡി.എഫിലേക്കെന്ന് സൂചന

SHARE THIS ON

തിരുവനന്തപുരം: എൻ.സി.പി ഇടതുമുന്നണിയിൽ തന്നെ തുടർന്നേക്കുമെന്ന് സൂചന. മുന്നണി വിടാൻ എൻ.സി.പി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. വെള്ളിയാഴ്ച ശരത് പവാറും പ്രഫൂൽ പട്ടേലും തമ്മിലുള്ള നിർണായക ചർച്ചയിലാണ് മുന്നണി മാറ്റം വേണ്ടെന്ന അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരത് പവാർ തന്നെ ടി.പി പീതാംബരനെ അറിയിക്കും.

അതേസമയം പാലാ സീറ്റിനെ ചൊല്ലി ഇടത് പാളയത്തിലേക്ക് ഇനിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മാണി സി കാപ്പൻ മാത്രം മുന്നണി വിട്ടേക്കും. കാപ്പനും അനുയായികളും ഞായറാഴ്ച യുഡിഎഫിൽ ചേരുമെന്നാണ് സൂചന. ഇക്കാര്യങ്ങളിലടക്കം എൻ.സി.പിയുടെയും മാണി സി കാപ്പന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

പാലാ സീറ്റ് നൽകാത്തത് അനീതിയാണെന്ന് എൻ.സി.പി നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യവും കേരളത്തിൽ എൽ.ഡി.എഫിനുള്ള ഭരണത്തുടർച്ച സാധ്യതയുമാണ് മുന്നണി മാറ്റത്തിൽ നിന്ന് എൻ.സി.പി നേതൃത്വത്തെ പിന്നോട്ടടിപ്പിച്ചതെന്നാണ് വിവരം. എകെ ശശീന്ദ്രൻ വിഭാഗത്തിന്റെ എതിർപ്പും ദേശീയ നേതൃത്വം പരിഗണിച്ചുവെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച അഞ്ച് മണിക്കുള്ളിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേശീയ നേതൃത്വം തീരുമാനം വ്യക്തമാക്കുമെന്നാണ് കാപ്പൻ പറഞ്ഞിരുന്നത്. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് കാപ്പൻ നേരത്തെ സൂചന നൽകിയിരുന്നു. കാപ്പൻ വന്നാൽ യുഡിഎഫ് സ്വീകരിക്കുമെന്നും പാലാ സീറ്റ് നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പ്രതികരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!