KSDLIVENEWS

Real news for everyone

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി; ചെപ്പോക്കില്‍ ഉര്‍വില്‍ പട്ടേല്‍ ഷോ

SHARE THIS ON

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിനൊപ്പമെത്തുന്ന പ്രകടനവുമായി ചെന്നൈ താരം ഉര്‍വില്‍ പട്ടേല്‍ .

13 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഉര്‍വില്‍ പട്ടേല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാളിന്റെ നേട്ടത്തിനൊപ്പമെത്തി. താരത്തിന്റെ മികവാണ് ചെന്നൈ ജയത്തിന്റെ നട്ടെല്ല്. താരം 23 പന്തില്‍ 65 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്.

ഇന്ന് നടന്ന സൂപ്പര്‍ ത്രില്ലറില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. അഞ്ച് വിക്കറ്റ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകളും അവര്‍ കൂടുതല്‍ തുറന്നിട്ടു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് മുന്നില്‍ വച്ചു. ചെന്നൈ 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചെടുത്താണ് വിജയം തൊട്ടത്. ഈ മല്‍സരവും തോറ്റ ലഖ്നൗവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

അവസാന ഓവറില്‍ ചെന്നൈക്ക് 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലഖ്നൗവിനായി പന്തെറിഞ്ഞ എയ്ഡന്‍ മാര്‍ക്രത്തിന്റെ ആദ്യ രണ്ട് പന്തുകളും വൈഡായി. ഇതോടെ 6 പന്തില്‍ 8 റണ്‍സായി ലക്ഷ്യം. അടുത്ത രണ്ട് പന്തുകള്‍ ശിവം ദുബെ സിക്സര്‍ തൂക്കി ടീമിനെ ജയത്തിലെത്തിച്ചു.ദുബെ 7 പന്തില്‍ 2 സിക്സുകള്‍ സഹിതം 15 റണ്‍സെടുത്തു. ഇംപാക്‌ട് പ്ലെയറായി എത്തിയ പ്രശാന്ത് വീറും ദുബെയ്ക്കൊപ്പം ജയത്തില്‍ നിര്‍ണായകമായി. താരം 12 പന്തില്‍ 2 സിക്സുകള്‍ സഹിതം 17 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്നു.

സഞ്ജു സാംസണ്‍ മികച്ച തുടക്കമിട്ടാണ് മടങ്ങിയത്. താരം 14 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 28 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ ക്യാപ്റ്റന്‍ ഋതുരാജ് ഒരറ്റത്ത് സാക്ഷിയായി നിന്നപ്പോള്‍ മറുഭാഗത്ത് ഉര്‍വില്‍ പട്ടേല്‍ കത്തിക്കയറി. 8 സിക്സുകളും 2 ഫോറും സഹിതം 23 പന്തുകളില്‍ നിന്നു അതിവേഗം 65 വാരി ഉര്‍വില്‍ ചെപ്പോക്കിനെ ഇളക്കിമറിച്ചു.ഇരുവരും മടങ്ങിയശേഷം ചെന്നൈ ഒന്നു വിയര്‍ത്തെന്നു തോന്നിച്ചെങ്കിലും ദുബെയും പ്രശാന്തും വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. കാര്‍ത്തിക് ശര്‍മ (20), ഡെവാള്‍ഡ് ബ്രവിസ് (10) എന്നിവര്‍ അധികം നിന്നില്ല.

ടോസ് നേടി ചെന്നൈ ബൗളിങ് എടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് സ്വന്തമാക്കി. ബാറ്റിങിനു ഇറങ്ങിയ ലഖ്നൗവിനായി ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് മിന്നലടികളുമായി മിന്നും തുടക്കം നല്‍കി. പിന്നീട് വാലറ്റത്ത് ഷഹബാസ് അഹമ്മദ് നടത്തിയ പോരാട്ടവും സ്‌കോര്‍ ഈ നിലയിലെത്തിച്ചു.

തുടക്കത്തില്‍ കത്തിക്കയറിയ ലഖ്നൗവിനെ പിന്നീട് ചെന്നൈ ബൗളിങ് നിര പിടിച്ചു നിര്‍ത്തി. ഏഴാമനായി ക്രീസിലെത്തിയ ഷഹബാസും പിന്നാലെ വന്ന ഹിമ്മത് സിങും ചേര്‍ന്നു സ്‌കോര്‍ 200 കടത്തുകയായിരുന്നു. ഇംഗ്ലിസ് 33 പന്തില്‍ 6 സിക്സും 10 ഫോറും സഹിതം 85 റണ്‍സ് അടിച്ചെടുത്തു. ഷഹബാസ് 25 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്നു. ഹിമ്മത് സിങ് 12 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 17 റണ്‍സും വാരി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 15 റണ്‍സും അക്ഷത് രഘുവംശി 18 റണ്‍സും കണ്ടെത്തി. മറ്റാരും കാര്യമായി തിളങ്ങിയില്ല.ചെന്നൈ നിരയില്‍ ജാമി ഓവര്‍ടന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!