KSDLIVENEWS

Real news for everyone

ഒന്നും നടക്കില്ലെന്ന സ്ഥിതിമാറി, ഇന്ന് എല്ലാം യാഥാര്‍ത്ഥ്യം; പ്രതിപക്ഷത്തിന്റെ അടിവേരിളക്കി-പിണറായി

SHARE THIS ON

ഉപ്പള (കാസർകോട്): അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ ഇന്ന് കേരളത്തിൽ യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വടക്കൻ മേഖല പ്രചരണ ജാഥ കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

”ഈ കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുകയാണ്”.-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

നമ്മുടെ നാടിനെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിനേ കഴിയൂവെന്നും ആളുകൾ പറയുന്നു. ജനങ്ങളിലാകെ ആത്മവിശ്വാസം വർധിച്ചു. ജനങ്ങളും സർക്കാരും തമ്മിൽ ഒരു ആത്മബന്ധമുണ്ടായി. ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികൾ മനസ്സിലാക്കി. അവരെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് അവർ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു. കൂടെ അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജൻസികളും വന്നു. ഒപ്പം ഈ സർക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള ചില മാധ്യമങ്ങളും. ആ മലവെള്ളപ്പാച്ചിലിനൊന്നും എൽഡിഎഫിനെ ഒന്നും ചെയ്യാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ അത് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങളിൽ പ്രതിസന്ധി ഉണ്ടായപ്പോഴും നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ആകാവുന്നതെല്ലാം ചെയ്തു. ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സർക്കാർ നിലകൊണ്ടത്. അതിന് ഫലമുണ്ടായി. ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ അധികാരത്തിലേറിയാൻ ചിലത് ചെയ്യുമെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒന്നും ചെയ്തില്ലെങ്കിലും ഈ നാശം ഒന്ന് ഒഴിഞ്ഞ് കിട്ടിയാൽ മതിയെന്നാണ് അന്ന് ജനം പറഞ്ഞതെന്നും മുൻ സർക്കാരിനെ പരാമർശിച്ച് പിണറായി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി പ്രതിപക്ഷത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!