KSDLIVENEWS

Real news for everyone

ലോകാരോഗ്യ സംഘടനയ്ക്ക് പ്രാഥമിക കോവിഡ് വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിച്ചു

SHARE THIS ON

ബെയ്ജിങ്: കോവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചു. മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ ഇത് സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങൾ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവയുടെ സംഗ്രഹം മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ടീമിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു.

തുടക്കത്തിലെ 174 കേസുകളിൽ പകുതിയും വുഹാൻ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വിവരം ലഭിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ കാരണം രാഷ്ട്രീയമാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ചൈനയിലെത്തിയ സംഘം കോവിഡ് -19 ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങൾക്കായി നാല് ആഴ്ച ചൈനയിൽ ചെലവഴിച്ചിരുന്നു. കോവിഡിന്റെ തുടക്കം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെയ്ക്കുന്നതായും ആരോപണമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!