സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; പര്‍ബനിയില്‍ പെട്രോളിന് സെഞ്ച്വറി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിവസവും ഇന്ധനവില വർധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87രൂപയും ഒരു ലിറ്റർ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം തവണയാണ് വില വർധിക്കുന്നത്.
അതേസമയം പുതുക്കിയ പാചകവാതക വിലയും ഇന്നുമുതൽ നിലവിൽ വന്നു. സിലിൻഡറിന് അമ്പതുരൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു സിലിൻഡറിന്റെ (14.2 കിലോഗ്രാം) വില 769 രൂപയായി. നിലവിൽ 719 രൂപയായിരുന്നു വില.
പർബനിയിൽ പെട്രോളിന് സെഞ്ച്വറി
മുംബൈ: ഔറംഗബാദിനടുത്ത പർബനിയിൽ പെട്രോൾവില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേഡുസുർക്കർ പറഞ്ഞു. ലിറ്ററിന് 100 രൂപ 16 പൈസയാണ്. നാസിക്കിലെ മാൻമാഡിൽനിന്നാണ് ടാങ്കറുകളിൽ പർബനിയിൽ പെട്രോളെത്തിക്കുന്നത്. പർബനിയിലേക്ക് 340 കിലോമീറ്ററുണ്ട്. ഓരോ ടാങ്കറിനും 3000 രൂപ അധികം നൽകേണ്ടിവരുന്നുണ്ട്. കടത്തുകൂലികാരണമാണ് മറ്റിടങ്ങളിലേക്കാൾ ഉയർന്ന വില.

