ഫാസ്ടാഗ് നിര്‍ബന്ധമാക്കി; പാലിയേക്കരയില്‍ വന്‍ ഗതാഗതക്കുരുക്ക്

പാലിയേക്കര: ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് വരിയിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത്. തിരക്കുള്ള സമയങ്ങളിലെങ്കിലും മറ്റ് ലൈനുകൾകൂടി തുറന്നു നൽകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ടോൾപ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതലാണ് സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. ട്രാക്കുകളിലെ സാങ്കേതികത്തകരാർ പരിഹരിച്ച ദേശീയപാത അതോറിറ്റി വാഹനങ്ങൾക്ക് ഫാസ്ടാഗിലേക്ക് മാറാനനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ടോൾപ്ലാസയുടെ ഇരുവശത്തേക്കുമുള്ള 12 ട്രാക്കുകളും ഇതോടെ ഫാസ്ടാഗ് ട്രാക്കുകളായി മാറി.
ടോൾപ്ലാസക്കുസമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. നിലവിൽ പ്രാദേശിക സൗജന്യപാസ് ഉപയോഗിക്കുന്ന 44,000 വാഹനങ്ങളിൽ 12,000 വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയിട്ടുണ്ടെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു. ദിവസേന 5,000 പ്രാദേശിക വാഹനങ്ങളാണ് ടോൾപ്ലാസയിലൂടെ സൗജന്യയാത്ര നടത്തുന്നത്.

