KSDLIVENEWS

Real news for everyone

വീണ്ടും പ്രതിരോധ പിഴവുകള്‍; നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

SHARE THIS ON

മുർഗാവ്: ഐ.എസ്.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരേ നാണംകെട്ട തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ഹൈദരാബാദിനായി ഫ്രാൻ സന്റാസ ഇരട്ട ഗോളുകളുമായി തിളങ്ങി. കാര്യമായ ഗോളവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിലൂടെ ഗോൾ വഴങ്ങുകയായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഫ്രാൻ സന്റാസയാണ് ഹൈദരാബാദിന്റെ ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. സന്റാസയ്ക്ക് പാസ് നൽകാൻ ശ്രമിച്ചതായിരുന്നു ഒഡെയ് ഒനയ്ന്ത്യ. എന്നാൽ ഇന്റർസെപ്റ്റ് ചെയ്ത ബക്കാരി കോനെയിൽ നിന്ന് പന്ത് നേരെ ജോയൽ കിയാനെസിലേക്ക്. കിയാനെസിൽ നിന്ന് പന്ത് റാഞ്ചാൻ ശ്രമിച്ച കോസ്റ്റയിൽ നിന്ന് മിസ് ടച്ചായി പന്ത് നേരെ ഫ്രാൻ സന്റാസയുടെ മുന്നിൽ. പന്ത് നേരെ വലയിലെത്തിക്കേണ്ട കാര്യമേ സന്റാസയ്ക്കുണ്ടായിരുന്നുള്ളൂ.

തുടർന്ന് 62-ാം മിനിറ്റിൽ ജോയൽ കിയാനെസിനെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ഇത്തവണയും ബക്കാരി കോനെയുടെ മോശം ബാക്ക് പാസിൽ നിന്നായിരുന്നു ഈ അവസരം ഹൈദരാബാദിന് ലഭിച്ചത്. കിക്കെടുത്ത സന്റാസ 63-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ലീഡുയർത്തി.

86-ാം മിനിറ്റിൽ അരിഡാനെ സന്റാന ഹൈദരാബാദിന്റെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. മൂന്നു ഗോൾ വീണതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് നിരയ്ക്കെതിരേ 90-ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിന്റെ നാലാം ഗോളും നേടി.

ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. സീസണിൽ എട്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!