റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രതിഷേധം: ചെങ്കോട്ടയിൽ വാൾ ചുഴറ്റിയ ആൾ അറസ്റ്റിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ചൊവ്വാഴ്ച മനീന്ദർ സിങ് എന്ന മോണിയെ അറസ്റ്റ് ചെയ്തത്. 30കാരനായ മനീന്ദർ സിങ് ഡൽഹി സ്വരൂപ് നഗർ സ്വദേശിയാണ്
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിൽ കർഷക യൂണിയനുകൾ സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദർ സിങ്.
ചെങ്കോട്ട അക്രമ കേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെട്ടയാളാണ് 30കാരനായ മനീന്ദർ സിങ്. അറസ്റ്റിനെത്തുടർന്ന് സ്വരൂപ് നഗറിലെ മനീന്ദർ സിങ്ങിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ രണ്ട് വാളുകൾ ഡൽഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജനുവരി 26 ന് ചെങ്കോട്ടയിൽ വെച്ച് രണ്ട് വാളുകൾ ചുഴറ്റുന്ന വീഡിയോയിൽ മനീന്ദർ സിങ്ങിനെ കണ്ടിരുന്നതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

