വാഴകൾ വെട്ടി, ബൈക്കിന്റെ കേബിൾ മുറിച്ചു; കിണറില്‍ പെയിന്റൊഴിച്ചും വീടുകൾക്കു നേരെ അക്രമം

നീലേശ്വരം ∙ പൊടോത്തുരുത്തിയിൽ വീടുകൾക്കു നേരെ അക്രമം. ഗൃഹപ്രവേശം നടക്കാനിരുന്ന വീട്ടിൽ ഉൾപ്പെടെ നാലിടങ്ങളിലാണ് അക്രമം ഉണ്ടായത്. കത്തി കൊണ്ടു വരച്ചും പെയിന്റ് തൂകിയും സാധനങ്ങൾ നശിപ്പിച്ചുമാണ് അക്രമം. എം.വി.ഭരതന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുമരിലും തറയിലും ജനവാതിലുകളിലും പെയിന്റൊഴിച്ചു വികൃതമാക്കി. വീട്ടുമുറ്റത്തെ കിണറിലും പെയിന്റൊഴിച്ചിട്ടുണ്ട്. തത്തയിൽ ബാബു അന്തിത്തിരിയന്റെ പുതിയ വീടിനു നേരെയും പെയിന്റൊഴിച്ചു.
കെ.പ്രമോദ് കുമാറിന്റെ വീട്ടിൽ നിർത്തിയിട്ട ബുള്ളറ്റിനു മുകളിലും പെയിന്റൊഴിച്ചു. പി.ഭാസ്കരന്റെ മകളുടെ സൈക്കിൾ മോഷ്ടിച്ചതായും പരാതിയുണ്ട്. ഇദ്ദേഹത്തിന്റെയും പി.വി.ഗീരിഷീന്റെയും വീട്ടുപറമ്പിലെ ചെടിച്ചട്ടികളും നശിപ്പിച്ചു. കുഞ്ഞിക്കണ്ണന്റെ വീട്ടിലെ ബൈക്കിന്റെ കേബിൾ മുറിച്ചു. കെ.സതീശന്റെ വീട്ടുപറമ്പിലെ വാഴകൾ വെട്ടി. വീട്ടുകാരുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസ് എടുത്തു. നഗരസഭാ അധ്യക്ഷ ടി.വി.ശാന്ത സ്ഥലം സന്ദർശിച്ചു.

