KSDLIVENEWS

Real news for everyone

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്; കര്‍ഷക രോഷത്തില്‍ ഉരുകി ബിജെപി

SHARE THIS ON

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്; കര്‍ഷക രോഷത്തില്‍ ഉരുകി ബിജെപി

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ |ഫോട്ടോ:PTI
ചണ്ഡീഗഢ്: രാജ്യത്ത് കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് തൂത്തുവാരിയത്. ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 82 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശിരോമണി അകാലിദൾ ആറിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല..

മുൻ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ എംപിയുമായ ഹർസിമ്രത് ബാദലാണ് ഭട്ടിൻഡ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഹർസിമ്രത് ബാദൽ അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിരോമണി അകാലിദൾ ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

ശിരോമണി അകാലിദളിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് കർഷക പ്രക്ഷോഭത്തിനിടെ നടന്ന തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

എട്ട് കോർപ്പറേഷനുകളിലേക്കും 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിലേക്കുമായി ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊഹാലി കോർപ്പറേഷനിലെ രണ്ടു ബൂത്തിലടക്കം വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടന്നു.

9,222 സ്ഥാനാർഥികളാണ് ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരാണ് ഏറ്റവും കൂടുതൽ. 2832 സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ചു. 2037 പേരെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാർഥികളെ നിർത്താനായിരുന്നില്ല. 1003 പേരാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1569 സ്ഥാനാർഥികളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!