KSDLIVENEWS

Real news for everyone

എന്ത് കരാർ ? , ഏത് ഉത്തരവ് ? ; തികച്ചും അസംബന്ധമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

SHARE THIS ON

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ആരോപണം തികച്ചും അസംബന്ധമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. എന്ത് കരാര്‍, ഏത് ഉത്തരവ്, ആര് ഒപ്പിട്ടു എന്നും മന്ത്രി ചോദിച്ചു. അമേരിക്കന്‍ കമ്പനിക്ക് കേരള തീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചെന്നിത്തലയുടെ ആരോപണത്തെ കുറിച്ച് ധാരണയില്ല. അസന്റ് കേരളയില്‍ എന്ത് ചര്‍ച്ചയ്ക്ക് വന്നുവെന്ന് അറിയില്ല. അതില്‍ താനില്ല. വ്യവസായ വകുപ്പുമായി കരാറിലേര്‍പ്പെട്ടോ എന്നത് പ്രശ്‌നമല്ല. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പിനാണ്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ മുന്നില്‍ ഇത്തരമൊരു അപേക്ഷയില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. പ്രതിപക്ഷ നേതാവിന് അടുത്ത കാലത്തായി മാനസിക നില തെറ്റിയിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്. ഇപ്പോള്‍ 5000 കോടിയുടെ കണക്കുമായി വന്നിരിക്കുന്നു. എന്താ ഈ കോടിക്കൊന്നും ഒരു വിലയുമില്ലേ എന്ന് മന്ത്രി ചോദിച്ചു.

2018 ല്‍ യുഎന്നിലെ ചര്‍ച്ചയ്്ക്കാണ് പോയത്. മൂന്നു ദിവസമാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. ടികെഎം കോളേജ് ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍, കൊല്ലം ജില്ലാകളക്ടര്‍ എന്നിവരുണ്ടായിരുന്നു. യുഎന്‍ ചര്‍ച്ചയല്ലാതെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കുന്നത്.

സര്‍ക്കാരിന് മുന്നില്‍ ഇത്തരമൊരു അപേക്ഷ വന്നിട്ടില്ല, ലൈസന്‍സ് കൊടുത്തിട്ടില്ല, നയപരമായി കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒക്കെ ബോംബ് പൊട്ടിച്ചു പോകണമെന്ന അത്യാര്‍ത്തി കൊണ്ടു പറയുന്നതാണ്. ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോകുന്നില്ല. മല്‍സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെങ്കില്‍, ആ വെച്ച പരിപ്പ് വാങ്ങിവെച്ചേക്കാനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  

അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലുമായി ഒപ്പിട്ടു. ഇതിന്റെ പിന്നില്‍ കോടികളുടെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!