മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരു പറയാൻ ഇഡി നിർബന്ധിച്ചെന്ന് സന്ദീപ് നായരുടെ മൊഴി , വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും പേര് പറയാന്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂര്‍ നേരം നീണ്ടു..
മുഖ്യമന്ത്രി, സ്പീക്കര്‍, കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തിനായി ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു.
കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് നേരത്തെ കത്തുനല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എറണാകുളം സെഷന്‍സ് കോടതി അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

