മതസൗഹാര്‍ദത്തെ നഗ്നമായി പിച്ചിക്കീറി; പ്രധാനമന്ത്രിയുടെ ശരണം വിളിക്കെതിരെ എം. എ ബേബി

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്‍തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവര്‍ത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് എം.എ.ബേബി പറഞ്ഞു. കരുനാഗപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബേബി.
ശബരിമലയില്‍ പോയി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിക്കാം. ഒരാള്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് ‘അല്ലാഹു അക്ബര്‍’ എന്നു വിളിക്കുന്നതോ വേറൊരാള്‍ ‘യേശുക്രിസ്തു ജയ യേശു ക്രിസ്തു ജയ’ എന്നു വിളിക്കുന്നതോ ശരിയല്ല.
തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് എം.എ.ബേബി ചോദിച്ചു.
കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തനംതിട്ടയെ ആത്മീയതയുടെ മണ്ണെന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ സര്‍ക്കാര്‍ ലാത്തി വീശിയെന്ന് മോദി എടുത്തു പറഞ്ഞു. പ്രസംഗത്തിലുടനീളം കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

