കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ബോംബ് ഇടുക ജനം: ചെന്നിത്തല

ഹരിപ്പാട് ∙ അദാനിയുമായി വൈദ്യുതി കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കും രഹസ്യമായി പിന്തുണയ്ക്കും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല. കരാർ മുഖ്യമന്ത്രിയുടേയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയാണ്. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാന്‍ മറ്റൊരു കരാര്‍കൂടി ഒപ്പിട്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.https://players.brightcove.net/plugins/video.php%3Fheight%3D314%26href%3Dhttps%253A%252F%252Fwww.facebook.com%252Fmanoramanews%252Fvideos%252F1335548613495293%252F%26show_default/index.html?videoId=560&playsinline=true
അദാനിക്ക് ജനത്തെ പോക്കറ്റടിക്കാൻ സർക്കാർ അവസരം ഒരുക്കി. 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. പിണറായിയുടെ പല കേസുകളും മുങ്ങിപ്പോകാന്‍ കാരണം ഇതാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെഎസ്ഇബി കരാറിലൂടെ പുറത്തുവന്നത്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്.ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്‌സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.
സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അദാനിയുമായി ഒരു കരാർ കൂടി: ചെന്നിത്തല
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി മറ്റൊരു കരാര്‍ നേരിട്ടു തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. കെഎസ്ഇബി ഫെബ്രുവരി 15 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജൻഡ 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രില്‍ – മേയ് മാസങ്ങളില്‍ (അതായത് ഈ മാസങ്ങളില്‍) അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതിനാല്‍ അദാനിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, എന്ന് പറയുന്നത് ശരിയല്ല, പക്ഷേ ഇത് നേരത്തെ പറഞ്ഞ കരാറല്ല, വേറെ കരാറാണ്. വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും അഴിമതി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വൈഭവമാണ് ഈ ഇടപാടില്‍ തെളിഞ്ഞു കാണുന്നത്. റിന്യൂവൽ പർചേസ് ഒബ്ലിഗേഷന്റെ(ആർപിഒ) മറവില്‍ സംസ്ഥാനത്തെ ജനത്തിന്റെ പോക്കറ്റടിക്കാനുള്ള ഈ കരാറില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നതായും ചെന്നിത്തല പറഞ്ഞു.
English Summary: Ramesh Chennithala again on Adani Deal

