ഈയാഴ്ച നടത്തിയ സർവേകൾ ചട്ടവിരുദ്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്റേത് ഗുരുതര വീഴ്ച

തിരുവനന്തപുരം ∙ സംസ്ഥാനത്തു മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ചട്ടം ലംഘിച്ച് ഇൗയാഴ്ച നടത്തിയ അഭിപ്രായ സർവേകൾ നിയന്ത്രിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2019ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപു വരെയേ അഭിപ്രായ സർവേകൾ പാടുള്ളൂ.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപ് വരെ മാത്രമേ സർവേകൾ പ്രസിദ്ധീകരിക്കാവൂ. തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് അസമിലും ബംഗാളിലും മാർച്ച് 27നായിരുന്നു.
ഇതനുസരിച്ച് മാർച്ച് 25ന് വൈകിട്ട് 7 വരെ മാത്രമേ രാജ്യത്ത് അഭിപ്രായ സർവേകൾ പാടുള്ളൂ. എന്നാൽ 2 പ്രമുഖ ന്യൂസ് ചാനലുകൾ കേരളത്തിൽ മാർച്ച് 29, 30 തീയതികളിൽ സർവേ ഫലം പുറത്തുവിട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അനങ്ങിയില്ല. ഇതിൽ ഒരു ചാനൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെങ്കിലും മറുപടി പോലും നൽകിയില്ല. സർവേ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇടപെട്ടുമില്ല.
ഇതിനിടെ കേരളത്തിലെ ഏറ്റവും നിർണായകമായ 40 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ആവശ്യപ്പെട്ട് ഒരു ചാനലിന്റെ അപേക്ഷ ഇന്നലെ കമ്മിഷനു ലഭിച്ചു. ഇന്നും നാളെയുമായി സർവേ ഫലം പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതേത്തുടർന്നാണ് സർവേ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസറുടെ ഒാഫിസിലെ ഉദ്യോഗസ്ഥർ പരിശോധിക്കാൻ തയാറായത്.
ചാനലിനു മറുപടി നൽകാനായി പഴയ ഉത്തരവുകൾ പരിശോധിച്ചപ്പോൾ 2019ൽ തിരിഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് അഭിപ്രായ സർവേ ഫലം പ്രസിദ്ധീകരിക്കാനാകില്ലെന്നു വ്യക്തമാക്കി ചാനലിനു മറുപടി നൽകി. കൂടാതെ സംസ്ഥാനത്ത് അഭിപ്രായ സർവേകൾ വിലക്കിക്കൊണ്ട് അറിയിപ്പും പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്ത് എൽഡിഎഫിന് വലിയ മേൽക്കൈ പ്രവചിച്ചുകൊണ്ടുള്ള 4 സർവേ ഫലങ്ങളാണ് കമ്മിഷന്റെ വിജ്ഞാപനം ലഘിച്ച് മാർച്ച് 25നു ശേഷം വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്. അതിനുശേഷം നടത്തിയ സർവേകളിൽ മിക്കയിടത്തും യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെന്നാണു കണ്ടെത്തലെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി കമ്മിഷൻ വിലക്കുകയും ചെയ്തു.
മാർച്ച് 25നു മുൻപ് പ്രസിദ്ധീകരിച്ച സർവേകൾക്ക് വിലക്കു ബാധകമല്ല. സംസ്ഥാനത്ത് തപാൽ വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞതിനാൽ അഭിപ്രായ സർവേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമ്മിഷനു പരാതി നൽകിയിരുന്നു.
English Summary: Election pre poll surveys are illegal

