KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3.60 ലക്ഷം രോഗികള്‍

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് മരണം രണ്ട് ലക്ഷം കടന്നത്. തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. ഇതിനോടകം 1,79,97,267 (1.79 കോടി) പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 (1.48 കോടി) പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,61,162 പേർ രോഗമുക്തരായി.

നിലവിൽ 29,78,709 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നിൽ. കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

രാജ്യത്തുടനീളം 14,78,27,367 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. 28,27,03,789 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 17,23,912 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!