KSDLIVENEWS

Real news for everyone

ഉംറയ്ക്ക് പോയ മാതാപിതാക്കളെ കാണാനില്ല; വിവരമന്വേഷിച്ചെത്തിയ മകനെ ഏജൻ്റുമാര്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

SHARE THIS ON

ഗിരിഡീഹ്: ജാർഖണ്ഡില്‍ ഉംറയ്ക്ക് പോയ മാതാപിതാക്കളെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ യുവാവിനെ ട്രാവല്‍ ഏജൻസി നടത്തുന്ന സംഘം ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി.

ജാർഖണ്ഡിലെ ഗിരിഡീഹിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ചാർഘര സ്വദേശിയായ ഹൈദർ അൻസാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച ഹൈദറിൻ്റെ സഹോദരൻ പർവേസ് അൻസാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധൻവാർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബർ ഏഴിനാണ് ഹൈദറിൻ്റെ മാതാപിതാക്കള്‍ ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോയത്. മൗലാന ഇല്യാസ് അൻസാരി എന്ന വ്യക്തി മുഖേന 30,000 രൂപ നല്‍കിയാണ് ഇവർ യാത്ര പോയത്. ഒക്ടോബർ 24-ന് ഇവർ തിരികെ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാതാപിതാക്കള്‍ തിരിച്ചെത്താതായതോടെ ഹൈദർ കടുത്ത ആശങ്കയിലായി. തുടർന്ന് നവംബർ അഞ്ചിന് ഹൈദർ തൻ്റെ ബന്ധുവായ ഇസ്രാഫില്‍ അൻസാരിക്കൊപ്പം മൗലാന ഇല്യാസ് അൻസാരി നടത്തുന്ന ഖോരിമഹുവയിലെ മദ്രസയിലെത്തി മാതാപിതാക്കളുടെ വിവരങ്ങള്‍ അന്വേഷിച്ചു.
.
മദ്രസയിലെത്തിയ ഹൈദർ മാതാപിതാക്കളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രതികള്‍ മോശമായി പ്രതികരിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹൈദർ, താൻ പോലീസില്‍ വിവരമറിയിക്കുമെന്ന് ഇവരെ അറിയിച്ചു. ഇതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. പോലീസ് കേസെടുത്താല്‍ തങ്ങള്‍ കുടുങ്ങുമെന്ന് ഭയന്ന പ്രതികള്‍, ഹൈദർ മടങ്ങുന്ന വഴിയില്‍ ഖോരിമഹുവ പള്ളിക്ക് സമീപത്തുവെച്ച്‌ അയാളെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

പരാതിയില്‍ പറയുന്നതനുസരിച്ച്‌, സനാവുള്ള അൻസാരി, ആബിദ് അൻസാരി എന്നിവർ ചേർന്ന് ഹൈദറിനെ നിലത്തേക്ക് വലിച്ചിട്ട് കഴുത്ത് ഞെരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ മൗലാന ഇല്യാസ് അൻസാരിയും അസദ് അൻസാരിയും ചേർന്ന് ഹൈദറിൻ്റെ കാലുകള്‍ പിടിച്ചുവെച്ചു. ബാബ ഇസ്ലാം എന്നയാള്‍ ഹൈദറിൻ്റെ നെഞ്ചിലിടിക്കുകയും, അഫ്സല്‍ അൻസാരിയും കണ്ടാലറിയാവുന്ന മറ്റ് ചിലരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവില്‍ മൗലാന ഇല്യാസ് അൻസാരി ഹൈദറിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സനാവുള്ള അൻസാരി, ആബിദ് അൻസാരി, ബാബ ഇസ്ലാം, അഫ്സല്‍ അൻസാരി, അസദ് അൻസാരി, മൗലാന ഇല്യാസ് അൻസാരി, മുഹമ്മദ് അദ്നാൻ അൻസാരി, നസീം അൻസാരി എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറോളം പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹജ്ജ്, ഉംറ യാത്രകളുടെ പേരില്‍ ഇവർ അനധികൃത ബിസിനസ്സ് നടത്തുകയാണെന്ന ഗുരുതര ആരോപണവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഗിരിഡീഹില്‍ കനത്ത സംഘർഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!