KSDLIVENEWS

Real news for everyone

മോദി സർക്കാരിന്റെ നിസംഗതയും കഴിവില്ലായ്മയും മൂലം രാജ്യം മുങ്ങിക്കൊണ്ടിരിക്കുന്നു-സോണിയ ഗാന്ധി
ന്യൂഡൽഹി

SHARE THIS ON

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിമുറുക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ മോദി പരാജയമായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. “ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാൽ വിഭവങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു”, ഓൺലൈനായി നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. എല്ലാ തരത്തിലുള്ള ആശയവിനിമയവും ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. അവയോടൊന്നും സർക്കാർ അർത്ഥവത്തായ രീതിയിലല്ല പ്രതികരിച്ചത്. സ്വയം ഉത്തരം കണ്ടെത്തുമെന്ന പോലെയാണ് സർക്കാർ പെരുമാറിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയും എഴുതിയ കത്തുകളെ പരാമർശിച്ച് പാർട്ടി പ്രസിഡന്റ് പറഞ്ഞു, “ഇത് സർക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ ശാന്തവും കഴിവുറ്റതും ദീർഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോദി സർക്കാരിന്റെ നിസ്സംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സേവനത്തിലൂടെ സ്വയം സമർപ്പിക്കേണ്ട സമയമാണ്,” സോണിയ ഗാന്ധി പറഞ്ഞു. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുന്നതിന് ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോദി സർക്കാർ മൂന്നാം ഘട്ടത്തിൽ വാക്സിനുകൾ വാങ്ങുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ വിവേചനപരമായ വാക്സിനേഷൻ നയം ദശലക്ഷക്കണക്കിന് ദളിതർ, ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെ വാക്സിനേഷനിൽ നിന്ന് മാറ്റിനിർത്തും. മോദി സർക്കാർ അവരുടെ ധാർമ്മിക ബാധ്യതയും ജനങ്ങളോടുള്ള പ്രതിജ്ഞയും നിറവേറ്റാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!