സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രി ഗവർണറെ കണ്ട് എൽ.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്ത് കൈമാറി

തിരുവനന്തപുരം:സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തുനൽകി. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവർണറെക്കണ്ട് എൽ.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തു നൽകിയത്.
സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സാമൂഹികാകലം പാലിച്ച് 500 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. എം.എൽ.എ.മാർ, എം.പി.മാർ, അവരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥർ, ന്യായാധിപർ എന്നിവർക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങിൽ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകി ചീഫ്സെക്രട്ടറി ഉത്തരവിറക്കി.
സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച തലസ്ഥാനത്തെത്തും.


