രക്തസമ്മര്‍ദ്ദം: നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍

താനൂർ: സി.പി.എം. മന്ത്രിയായി നിശ്ചയിച്ച വി. അബ്ദുറഹ്മാൻ ആശുപത്രിയിൽ. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്മാൻ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവർത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. എന്നാൽ അദ്ദേഹം ഏത് ആശുപത്രിയിലാണെന്നോ, എവിടെയാണെന്നോ ഉള്ള വിവരം ലഭ്യമല്ല.
വി. അബ്ദുറഹ്മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതേത്തുടർന്നാണ് അദ്ദേഹം നിരീക്ഷണത്തിലാണെന്ന് മലപ്പുറത്തെ സി.പി.എം. നേതൃത്വം വ്യക്തമാക്കിയത്.
രണ്ടാം പിണറായി സർക്കാരിൽ മലപ്പുറത്ത്നിന്ന് സി.പി.എമ്മിന്റെ പ്രാതിനിധ്യമാണ് വി.അബ്ദുറഹ്മാൻ. താനൂരിൽ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്മാൻ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്.


