KSDLIVENEWS

Real news for everyone

തമിഴ്നാട് സര്‍ക്കാരില്‍ നിര്‍ണായക പദവികളില്‍ മലയാളിത്തിളക്കം; 9 കളക്ടര്‍മാരും മലയാളികള്‍

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാരില്‍ മലയാളികളായ യുവ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക പദവികള്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ ചുമതല, ഗ്രാമീണ വികസന ചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥര്‍ക്കാണ് സ്റ്റാലിന്‍ നല്‍കിയത്. ഇതിന് പുറമെ ഒന്‍പത് ജില്ലാ കളക്ടര്‍മാരും മലയാളികളാണ്. എല്ലാവരും 35 വയസില്‍ താഴെയുള്ളവരാണെന്നതാണ് പ്രത്യേകത.

നേരത്തെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി പാലാ സ്വദേശിനിയായ അനു ജോര്‍ജിനെ നിയമിച്ചിരുന്നു . അഴിമതിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് അനു ജോര്‍ജ്.

ചെറുകിട വ്യവയായവകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ട കോന്നി സ്വദേശി അരുണ്‍ റോയിയാണ് (42) ഏറ്റവും പ്രായംകുറഞ്ഞ വകുപ്പ് സെക്രട്ടറി. ദേശീയ ആരോഗ്യമിഷന്‍ ഡയറക്ടറായിരുന്ന മഞ്ചേരി സ്വദേശി ഡാരസ് അഹമ്മദാണ് (44) കോവിഡ് പ്രതിരോധ പ്രത്യേകസംഘത്തിന്റെ തലവന്‍. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനവും ഡാരസ് അഹമ്മദിനാണ്.

വാണിജ്യ- വ്യവസായ കമ്മീഷണറായി നിയമിച്ചത് മലയാളിയായ സിജി തോമസ് വൈദ്യനെയാണ്. ഗ്രാമവികസനത്തിനായി രൂപീകരിച്ച പ്രത്യേക വകുപ്പിന്റെ ചുമതല പ്രവീണ്‍ നായര്‍ക്കാണ്. ഗ്രാമവികസന- പഞ്ചായത്ത് രാജ് ഡയറക്ടറാണ് പ്രവീണ്‍(36). കോഴഞ്ചേരി സ്വദേശി ജോണി ടോം വര്‍ഗീസിന് പാക് കടലിടുക്കിലെ ഇന്തോ- ശ്രീലങ്കന്‍ മത്സ്യബന്ധപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ചുമതല നല്‍കി. ദീപക് ജേക്കബിനെ തമിഴ്നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡയറക്ടറായി നിയമിച്ചു. സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ്. ലഭിച്ചവരെ ജില്ലാ കളക്ടര്‍മാരായി നിയമിക്കുന്ന പതിവുതെറ്റിച്ചാണ് സ്റ്റാലിന്‍ നേരിട്ട് ഐഎഎസ് ലഭിച്ച 40 വയസ്സില്‍ താഴെയുള്ളവരെ നിയമിക്കാന്‍ നടപടിയെടുത്തത്. മലയാളികളായ അനീഷ് ശേഖര്‍ (മധുര), എച്ച്‌. കൃഷ്ണനുണ്ണി (ഈറോഡ്), രാഹുല്‍നാഥ്(ചെങ്കല്‍പ്പേട്ട്), ജി എസ് സമീരന്‍(കോയമ്ബത്തൂര്‍), ആല്‍ബി ജോണ്‍ വര്‍ഗീസ് (തിരുവള്ളൂര്‍), ശ്രേയ സിങ് (നാമക്കല്‍), എസ് വിനീത് (തിരുപ്പൂര്‍), ഗായത്രി കൃഷ്ണന്‍ (തിരുവാരൂര്‍), വി. വിഷ്ണു (തിരുനെല്‍വേലി) എന്നീ ഒന്‍പതുപേര്‍ക്കാണ് കളക്ടര്‍ സ്ഥാനം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!