കൊടകര കുഴല്‍പ്പണ കേസ്; കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കവര്‍ച്ചാകേസില്‍ കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജ്, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ഇരിങ്ങാലക്കുട കോടതി ഇന്ന് പരിഗണിക്കും. പണമെത്തിയത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പണം കടത്തിയ ധര്‍മ്മരാജിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ളതാണ് പൊലീസിന്‍്റെ റിപ്പോര്‍ട്ട്. കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധര്‍മ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകള്‍ നടന്നതിന്‍്റെ രേഖകള്‍ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇത് കവര്‍ച്ചാ പണവുമായി ബന്ധപ്പെതല്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള പണം പൂര്‍ണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പൊലീസിന്‍്റെ അന്വേഷണം തുടരുകയാണ്.
കൊടകര കള്ളപ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇഡിക്ക് നിലപാട് അറിയിക്കാന്‍ പത്ത് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. കേരള പോലീസിന്‍്റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇഡിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. എല്‍ജെഡി നേതാവ് സലീം മടവൂരാണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് അശോക് മേനോന്‍്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

