KSDLIVENEWS

Real news for everyone

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം; കെ.മുരളീധരനെ വെട്ടാന്‍ ഒന്നിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

SHARE THIS ON

ന്യൂഡൽഹി: കെ.മുരളീധരൻ യുഎഡിഎഫ് കൺവീനറാകുന്നത് തടയാൻ ഡൽഹിയിൽ കരുനീക്കങ്ങൾ സജീവമായി. കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം ഉമ്മൻചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ട്.

തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കൺവീനറാക്കാനാണ് നീക്കം. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കൾ ഒന്നിച്ചത്.

പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും മാറ്റിയതിന് പിന്നാലെ പുതിയ യുഡിഎഫ് കൺവീനറെ നിയമിക്കുക എന്നതാണ് കേരള ഘടകത്തിൽ ഹൈക്കമാൻഡിന് മുന്നിലുള്ള അടുത്ത തലവേദന. വർക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കെ.വി.തോമസിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ ആലോചന. എന്നാൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും കെ.മുരളീധരന് ലഭിച്ച പിന്തുണയാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്.

എന്നാൽ മുരളീധരന്റെ വരവ് മറ്റൊരു അധികാര കേന്ദ്രം സൃഷ്ടിക്കുമെന്ന കേരളത്തിലെ ചില നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചതായാണ് വിവരം. മുരളീധരനെ വെട്ടാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഉയർത്തിക്കാട്ടുന്നത്. വി.ഡി.സതീശനുമായും കെ.സുധാകരനുമായും അടുത്തിടെയായി വലിയ അടുപ്പത്തിലാണ് തിരുവഞ്ചൂർ. അതേ സമയം യുവനേതൃത്വം പി.സി.വിഷ്ണുനാഥിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്.

ഇതിനിടെ നേതൃത്വത്തിൽ സാമുദായിക സമത്വം പാലിക്കുന്നതിനായി എം.എ.ഹസ്സനെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കണമെന്ന അഭിപ്രായക്കാരും കോൺഗ്രസിലുണ്ട്. ഹസ്സൻ മാറുകയാണെങ്കിൽ കെ.സി.ജോസഫിനെ പരിഗണിക്കണമെന്നും ഇവർ പറയുന്നു. എന്നാൽ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകക്ഷികളുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!