സ്വര്‍ണ്ണക്കടത്തിന്റെ അധോലോക വഴി’; സംശയമുള്ള കാരിയര്‍മാരെ ക്വട്ടേഷന്‍ സംഘങ്ങള്‍ നേരിടുന്നത് മൂന്നാം മുറയിലൂടെ

കോഴിക്കോട്: പണമോ സ്വര്‍ണമോ തട്ടിയെന്ന് സംശയിച്ച് കാരിയര്‍മാരെ ക്വട്ടേഷന്‍ സംഘങ്ങള്‍ നേരിടുന്നത് ക്രൂരമായ മൂന്നാം മുറയുപയോഗിച്ചാണ്. പൊലീസ് വേഷമണിഞ്ഞെത്തി കാരിയര്‍മാരെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങള്‍ വരെ കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുടെ വിളനിലമായ കൊടുവള്ളിയില്‍ നടന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങാനായിട്ടില്ല.
സ്വര്‍ണ കുഴല്‍പ്പണ മാഫിയക്ക് നാട്ടിലെ നിയമങ്ങളും നീതിയുമൊന്നും ബാധകമല്ലേ? അവര്‍ നിശ്ചയിക്കുന്നത് നടപ്പാക്കിയിരിക്കും എന്നാണോ?ചോദ്യങ്ങളുയരുകയാണ്. കൊലപാതകവും തട്ടിക്കൊണ്ട് പോകലുമടക്കം എന്തും ചെയ്യും അവര്‍. ചിലപ്പോള്‍ പൊലിസിന്റെ വേഷത്തിലെത്തും.
.തട്ടിക്കൊണ്ട് പോയി മൂന്നാം മുറ പ്രയോഗിക്കും. 2014ല്‍ കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട അബ്ദുല്‍ അസീസെന്ന കാരിയറുടെ അനുഭവം അങ്ങനെയാണ്.
മരണവക്ക് വരെ പോയി തിരിച്ചു വന്ന അസീസ് കേസിന് പിന്നാലെ നടന്നത് കൊണ്ട് മാത്രം പ്രതികള്‍ക്കെതിരെ കുറ്റപത്രമായി. വിചാരണതുടങ്ങിയില്ല. സ്പെഷ്യല്‍ പ്രോസിക്കൂട്ടറെ അനുവദിച്ച് കിട്ടുന്നതും കാത്തിരിക്കുകയാണ് അസീസ്. രാമനാട്ടുകരയില്‍ കാറപകടത്തില്‍ 6 പേര് മരിക്കാനിടയായ ക്വട്ടേഷന്‍ കേസില്‍ ഒടുവില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബ് ആണ് ഈ കേസിലെ പ്രതി. കൊടുവള്ളിക്കു പുറമെ കൊല്ലം ജില്ലയിലും ശിഹാബിനെതിരെ വധശ്രമക്കേസുണ്ട്. തന്റെ അധോലോക ജീവിതത്തിന് മറയിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി കളിക്കുന്നയാളാണ് ശിഹാബ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലെത്തി. എപി അബ്ദുള്ളക്കുട്ടി മല്‍സരിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായി. സ്വര്‍ണ്ണക്കടത്തില്‍ പിന്തുണ പ്രതീക്ഷിച്ചാണോ ശിഹാബ് ബിജെപിയിലെത്തിയതെന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ശിഹാബ് പൊതുജനമധ്യത്തില്‍ വിലസി നടന്നത് ഇത്തരം രാഷ്ട്രീയ പിന്തുണയോടെ തന്നെയെന്ന് ഉറപ്പാണ്.

