പേയിളകിയ നായയുടെ കടിയേറ്റ് നുള്ളിപ്പാടിയിൽ പരാക്രമം കാട്ടിയ പശു ചത്തു ;
ഫയർഫോഴ്സ് ജീവനക്കാരനടക്കം രണ്ട് പേർക്ക് പരിക്ക്, നിരവധി ബൈക്കുകളും തകർത്തു.

കാസര്‍കോട്: നുള്ളിപ്പാടിയില്‍ പേയിളകിയ നായയുടെ കടിയേറ്റ് പശുവിനും പേയിളകി; പേയിളകിയ പശു പരാക്രമം കാട്ടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പശുവിന്റെ പരാക്രമത്തില്‍ ഏതാനും ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പശുവിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരനും പ്രദേശത്തെ ഒരു യുവാവിനും പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഏറെ പരിശ്രമിച്ചാണ് പശുവിനെ വലയിട്ട് കീഴ്പ്പെടുത്തിയത്. തുടര്‍ന്ന് സമീപത്തെ പറമ്പില്‍ കെട്ടിയിട്ടു. രാത്രിയോടെ മൃഗഡോക്ടറെത്തി കുത്തിവെപ്പ് നടത്തി. അതേസമയം പശുവിനെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം നഗര പരിധിയില്‍ പരാക്രമം കാട്ടിയ പേയിളകിയ നായ കടിച്ചതുമൂലമാണ് പശുവിന് പേയിളകിയതെന്ന് കരുതുന്നു. മറ്റൊരു പശുവിനെയും നായ കടിച്ചതായി സൂചനയുണ്ട്. നായയുടെ കടിയേറ്റ് അമ്പതിലേറെ പേര് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനിടെയാണ് പേയിളകിയ പശുവും പരാക്രമം കാട്ടിയത്. ഇതോടെ മണിക്കൂറുകളോളമാണ് നാട്ടുകാര്‍ ഭീതിയിലായത്.

