KSDLIVENEWS

Real news for everyone

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും – ശിരോമണി അകാലിദള്‍

SHARE THIS ON

ചണ്ഡീഗഢ്: ശിരോമണി അകാലിദൾ പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കൾക്കും ചെറുമക്കൾക്കും സൗജന്യം വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)യുമായി സഖ്യമുണ്ടാക്കിയാണ് ശിരോമണി അകാലിദൾ (എസ്എഡി) ജനവിധി തേടുന്നത്. ‘ പഞ്ചാബികൾക്ക് ഞാൻ ഉറപ്പ് നൽകുന്നു. 2022 ൽ പഞ്ചാബിൽ സർക്കാർ രൂപവത്കരിച്ചാൽ ഉടൻ കർഷക പ്രക്ഷോഭത്തിനിടെ വീരമൃത്യു വരിച്ചവരെ എസ്എഡി – ബിഎസ്പി സഖ്യം ആദരിക്കും. അവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. അവരുടെ മക്കൾക്കും ചെറുമക്കൾക്കും ബിരുദാനന്തര ബിരുദ തലംവരെ സൗജന്യം വിഭ്യാഭ്യാസം നൽകും. അവരുടെ കുടുംബത്തിന് മുഴുവൻ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും’ – ബാദൽ ട്വീറ്റ് ചെയ്തു. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഡൽഹിയുടെ അതിർത്തികളിൽ ഏഴ് മാസമായി പ്രക്ഷോഭം നടത്തുകയാണെന്ന് ട്വിറ്ററിൽ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തിൽ ബാദൽ പറഞ്ഞു. 550 ൽ അധികം കർഷകർക്കാണ് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്. പ്രക്ഷോഭത്തിൽ കർഷകർ വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പഞ്ചാബ്, ഹരിയാണ, യുപി സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് പ്രധാനമായും ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്നത്. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ മുതലാണ് കർഷകർ പ്രക്ഷോഭം തുടങ്ങിയത്. അവ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്ര സർക്കാരുമായി കർഷക സംഘടനകൾ പലതവണ ചർച്ച നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!