KSDLIVENEWS

Real news for everyone

മൃതദേഹവുമായെത്തിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഏഴുപേർക്ക് പരിക്ക്

SHARE THIS ON

ഉദുമ/പഴയങ്ങാടി : ദുബായിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസ് കണ്ണൂർ പഴയങ്ങാടിയിൽ അപകടത്തിൽപ്പെട്ടു.

പിക്അപ്പ് വാനുമായുള്ള കൂട്ടിയിടിയിൽ ഏഴുപേർക്ക് പരിക്കേറ്റു. മാങ്ങാട് പുതിയപുരയിലെ രാഘവന്റെ മകൻ സുധീഷ് (33) ആണ് കഴിഞ്ഞ ശനിയാഴ്ച ദുബായിലെ താമസസ്ഥലത്ത് മരിച്ചത്. ഒന്നരവർഷം മുൻപാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങൾ: രതീഷ്, ലതിക.


കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്ന ആംബുലൻസാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ എരിപുരം അടുത്തില ഇറക്കത്തിൽ അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാനുമായുണ്ടായ ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ആംബുലൻസ് ഡ്രൈവർ കളനാട് തൊട്ടിയിൽ മേൽപ്പാലത്തിന് സമീപത്തെ ശ്രീനിത്ത് (32), സഹായിയായി പോയ ബന്ധു വാസുരാജ് (18), ആംബുലൻസിൽ മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന സുധീഷിന്റെ സഹോദരീഭർത്താവ് രവീന്ദ്രൻ പൂച്ചക്കാട് (45), ബന്ധു നാരായണൻ (46), ഉദുമ മയിലാട്ടിയിലെ ജതിൻ എന്നിവർക്കും, പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന കണ്ണൂർ പടന്നപ്പാലത്തെ ഷേഖ് അലി (48), ബന്ധു അബ്ദുൾ ഖാദർ (29) എന്നിവർക്കുമാണ് പരിക്കേറ്റത്.

ശ്രീനിത്ത്, രവീന്ദ്രൻ, ഷേഖ് അലി എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ജതിന് കാര്യമായ പരിക്ക് പറ്റിയില്ല. പിക്കപ്പ് വാനിനു പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടെങ്കിലും അവർക്കാർക്കും കാര്യമായ പരിക്കേറ്റില്ല.


പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. മറിഞ്ഞുവീണ ആംബുലൻസിൽനിന്ന് മൃതദേഹം മാറ്റി മറ്റൊരു ആംബുലൻസിൽ പരിക്കേറ്റവരുടെ പിന്നാലെ പരിയാരത്തെത്തിച്ചു. വിവരമറിഞ്ഞ് ഉദുമയിൽനിന്നെത്തിയവരാണ് മൃതദേഹം നാട്ടിലെത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!