KSDLIVENEWS

Real news for everyone

ഉദ്ഘാടനം ചെയ്തിട്ട് രണ്ടുവർഷം; മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം അപകടസ്ഥിതിയിൽ

SHARE THIS ON

നീലേശ്വരം: 13 ലക്ഷത്തിലേറെ രൂപ മുടക്കി പണിത നടപ്പാലം ഉദ്ഘാടനംചെയ്ത് രണ്ടുവർഷമാകുംമുൻപ് അപകടാസ്ഥിതിയിൽ. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം-കടിഞ്ഞിമൂല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മാട്ടുമ്മൽ നടപ്പാലമാണ് സഞ്ചരിക്കാൻ പറ്റാത്തവിധം അപകടത്തിലായത്. കഴിഞ്ഞ നഗരസഭാ ഭരണസമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,12,500 രൂപ ചെലവിട്ടാണ് നടപ്പാലം പണിതത്. 2019 ഓഗസ്റ്റ് 19-നാണ് അന്നത്തെ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലമായിരുന്നു നാട്ടുകാർ ഇക്കാലംവരെ ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കത്താൽ നടപ്പലകയും കൈവരികളും തകർന്ന് അപകടനിലയിലായി. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ പാലം പണിതത്. വൻ തുക ചെലവിട്ട് നിർമിച്ച പാലത്തിന് ഉയർന്ന നിലവാരമുണ്ടെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു.


എന്നാൽ ഇപ്പോൾ പാലത്തിന് മുകളിൽ നടക്കാനായി സ്ഥാപിച്ച പ്ലൈവുഡ് മഴയിൽ ദ്രവിച്ച് ജനങ്ങൾക്ക് സഞ്ചരിക്കാൻപറ്റാത്ത വിധമായി. പ്ലൈവുഡിന് മുകളിൽ സ്ഥാപിച്ചിരുന്ന അലൂമിനിയം ഷീറ്റ് മാസങ്ങൾക്ക് മുൻപേ ഇളകിപ്പോയിരുന്നു. അപകടാവസ്ഥയിലായ പാലത്തിലൂടെ ജീവൻ പണയംവെച്ചാണ് ആളുകൾ കടന്നുപോകുന്നത്. കടിഞ്ഞിമൂല, കൊട്ടറ, പുറത്തേക്കൈ പ്രദേശവാസികൾക്ക് കോട്ടപ്പുറത്തെത്തി നീലേശ്വരത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്.

കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്. ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികൾ, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെത്തുന്നവർ, തീരദേശവാസികൾ എന്നിവരെല്ലാം ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പാലം പണിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!