KSDLIVENEWS

Real news for everyone

അടുത്ത രണ്ടാഴ്ചകളിൽ കോവിഡ് വ്യാപന മുന്നറിയിപുമായി മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിയും

SHARE THIS ON

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബറില്‍ രോഗവ്യാപനം അതിതീവ്രമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്ത രണ്ടാഴ്ച കേരളത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാല്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട് – മന്ത്രി ഓര്‍മിപ്പിക്കുന്നു.
അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്ബോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്. രോഗം പിടിപെടാന്‍ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുത് – മന്ത്രി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!