KSDLIVENEWS

Real news for everyone

കോവിഡ് ചികിത്സയിൽ കേരളത്തിന് വീണ്ടും മാതൃകയായി കാസർഗോഡ്

SHARE THIS ON

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ അതിജീവിച്ച കാസര്‍കോട്, ഇവിടെ കോവിഡ് ചികിത്സാ രീതിയിലും കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ്. വീട്ടില്‍ ചികിത്സാസൗകര്യമൊരുക്കി കേരളത്തിന് വഴി തെളിക്കുന്നു. ആയിരം കൊവിഡ് രോഗികളെയാണ് നിലവില്‍ വീടുകളില്‍ ചികിത്സിക്കുന്നത്.

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്ത സാഹചര്യത്തിലാണ് രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത രോഗബാധിതര്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം ആദ്യമായി നടപ്പിലാക്കിയത് കാസര്‍കോട്ടാണ്.

അജാനൂര്‍, ചെമ്മനാട്, പള്ളിക്കര ഗ്രാമ പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട്നീലേശ്വരം നഗരസഭകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ വീടുകളില്‍ ചികിത്സയിലുള്ളത്.

ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ കിടത്തി ചികിത്സിക്കുകയെന്ന ദൗത്യം സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത് കൊവിഡിനെതിരായ പോരാട്ടത്തില്‍ കഴിഞ്ഞ ആറു മാസത്തിലധികമായി ലഭിക്കുന്ന ജനകീയ പിന്തുണ തന്നെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

വീടുകളില്‍ ചികിത്സയില്‍ 1006
രോഗവിമുക്തരായത് 311

കൃത്യമായ ആസൂത്രണം,

മികച്ച സഹകരണം

കൃത്യമായ ആസൂത്രണം നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വാര്‍ഡുതല ജാഗ്രത സമിതികളെയും കോര്‍ത്തിണക്കിയാണ് ഏകോപനം. കൊവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതത് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതോടെയാണ് തുടക്കം. ലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ വീടുകളില്‍ ഐസൊലേഷന്‍ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികള്‍ ഉറപ്പുവരുത്തും. തുടര്‍ന്ന് ഡി എം ഒയുടെ അനുമതയോടെ വീടുകളില്‍ ചികിത്സ തുടങ്ങും. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാദിവസവും ഇവരെ നിരീക്ഷിച്ച്‌ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ചികിത്സയിലുള്ളവരുടെ അന്വേഷണത്തിനു മാത്രമായി ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ ടീമിനെ നിയമിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗും രോഗികള്‍ക്ക് ലഭിക്കും. രക്തത്തിലെ ഓക്സിജന്‍ അളവ്, പള്‍സ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാന്‍ ആവശ്യമായ പള്‍സ് ഓക്സിമീറ്റര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം നല്‍കുന്നുമുണ്ട്.

വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പു വരുത്തുവാനും ആയത് ജില്ലാ ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും നല്ല ജാഗ്രത ജീവനക്കാര്‍ കാണിക്കുന്നുണ്ട്. എല്ലാതലത്തിലുമുള്ള കൂട്ടായ്മയുടെ വിജയമാണിത്.

ഡോ. റിജിത്ത്കൃഷ്ണന്‍ (ജില്ലാ നോഡല്‍ ഓഫിസര്‍ സി.എഫ്.എല്‍.ടി.സി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!