KSDLIVENEWS

Real news for everyone

ഉത്തർപ്രദേശിൽ നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചിഴച്ച്‌ കൊണ്ടുപോയി; തെരച്ചില്‍ മണിക്കൂറുകള്‍ പിന്നിടുന്നു

SHARE THIS ON

ലക്‌നൗ: ഉത്തർ പ്രദേശില്‍ മുതലയുടെ ആക്രമണത്തില്‍ കാണാതായ യുവാവിനെ കണ്ടെത്താനായില്ല. സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് കാണാതായത്.

മുതല ഇയാളെ കടിച്ചുവലിച്ചുകൊണ്ട് പോവുകയായിരുന്നു. ഉടൻതന്നെ ബോട്ട് ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ലക്‌നൗവിലെ ദുരന്ത നിവാരണ സേന അംഗങ്ങളും തെരച്ചില്‍ നടത്തുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്. ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തില്‍ എത്തിയതായിരുന്നു ദീപക്. മൃതദേഹം ദഹിപ്പിക്കാനായി നദീതീരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് ദീപക്കിന് നേരെ മുതലയുടെ ആക്രമണമുണ്ടായത്. വെള്ളത്തില്‍ നിന്ന് അപ്രതീക്ഷിതമായി പൊങ്ങിവന്ന മുതല യുവാവിന്റെ തലയില്‍ കടിച്ച്‌ വലിച്ചുകൊണ്ട് പോവുകയായിരുന്നു.

നിമിഷനേരത്തിനുള്ളിലാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെ വള്ളക്കാരും ചേർന്ന് ഉടൻതന്നെ യുവാവിനായി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വിശദ പരിശോധനയ്‌ക്കായി ലക്‌നൗവില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ സേന വിളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!