കേരളത്തിലെത്തിച്ചത് 40 കോടി; കൊടകരയില് കവര്ന്ന മൂന്നരക്കോടി ബിജെപിയുടേതെന്നും കുറ്റപത്രം

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവിൽനിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചർത്തത്.
കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂൺ അഞ്ചിന് സുരേന്ദ്രന്റെ മകനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. പണം കടത്തിക്കൊണ്ടുവന്ന ധർമരാജന്റെ ഫോണിൽനിന്നുള്ള വിളികൾ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും പോയതിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത്. ഇൗ ഫോണിൽനിന്ന് ധർമരാജന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അവസാനമായി വിവരങ്ങൾ ശേഖരിച്ചത് സുരേന്ദ്രനിൽനിന്നാണ്. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരിൽനിന്ന് ജൂൺ അഞ്ചിന് വിവരങ്ങൾ േശഖരിച്ച അന്വേഷണസംഘം േകസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നു കാണിച്ച് ജൂലായ് രണ്ടിന് സുരേന്ദ്രന് നോട്ടീസ് അയച്ചിരുന്നു. രണ്ടാമത്തെ നോട്ടീസിലാണ് ജൂലായ് 14-ന് സുരേന്ദ്രൻ ഹാജരായത്.
കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേതെന്ന് കുറ്റപത്രം
തൃശ്ശൂർ: കൊടകരയിൽ ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേതാണെന്ന് അന്വേഷണസംഘം. കേസിൽ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.
625 പേജുള്ള കുറ്റപത്രത്തിൽ 22 പേരാണ് പ്രതികൾ. 219 സാക്ഷികളുള്ളതിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏഴാമതായുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേർത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധർമരാജൻ, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
കേസിൽ ഇതുവരെ അറസ്റ്റിലായ 22 പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും ബെംഗളൂരുവിൽനിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കർത്തായ്ക്ക് കൈമാറാനായി കൊണ്ടുപോകുംവഴി തട്ടിയെടുത്തതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അറിവോടെയാണ് പണം എത്തിയതെന്ന് വിവരം കിട്ടിയതായി കുറ്റപത്രത്തിലുണ്ട്. കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ.
തിരഞ്ഞെടുപ്പിന് ബി.ജെ.പി. കേരളത്തിലെത്തിച്ചത് 40 കോടി
തൃശ്ശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബി.െജ.പി. കേരളത്തിലെത്തിച്ചത് 40 കോടിയെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. കൊടകര കുഴൽപ്പണക്കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും പറയുന്നുണ്ട്. കുറ്റപ്പത്രത്തിൽ പറയുന്നതിങ്ങനെ-ഈ കേസിലെ കവർച്ചചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബെംഗളൂരുവിൽനിന്ന് അനധികൃതമായി 2021-ലെ കേരള നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ ഇലക്ഷൻ പ്രചാരണത്തിനുവേണ്ടി കൊണ്ടുവന്നതാണ്.
മേൽപ്പറഞ്ഞ മൂന്നര ക്കോടി രൂപ കൂടാതെ 2021-ലെ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാർച്ച് ഒന്നു മുതൽ മാർച്ച് 26 വരെ പല ദിവസങ്ങളായി ധർമരാജൻ,ധനരാജൻ,ഷിജിൻ,ഷൈജു എന്നിവർ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാർ മുഖേന 23 കോടിയും ചേർത്ത് മൊത്തം 40 കോടി രൂപ സ്വരൂപിച്ച് മാർച്ച് അഞ്ചാം തീയതി മുതൽ ഏപ്രിൽ അഞ്ചുവരെ കേരളത്തിൽ പല ജില്ലകളിലുള്ള ബി.ജെ.പി. പാർട്ടിയുടെ ഭാരവാഹികൾക്ക് എത്തിച്ചുനൽകിയിട്ടുണ്ട്. അതിൽ 2021 മാർച്ച് ആറിന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സേലം വഴി ധർമരാജന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന 4.4 കോടി സേലത്തുവെച്ചും കവർന്നു.
മൂന്നരക്കോടി എത്തിക്കാൻ നിർദേശിച്ചത് എം. ഗണേശും ഗിരീശൻ നായരും
മൂന്നരക്കോടി കർണാടകയിൽനിന്നെത്തിക്കാൻ ധർമരാജന് നിർദേശം നൽകിയത് ബി.ജെ.പി. േകരള കോ-ഓർഡിനേറ്റിങ് സെക്രട്ടറി എം. ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായരുമാണെന്ന് കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. പണം കടത്തിക്കൊണ്ടുവന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവർത്തിച്ചിരുന്ന ധർമരാജനുമായി സുരേന്ദ്രൻ ഉൾപ്പെടെ മൂന്നുപേർക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

