പെരിയയിൽ ആരംഭിക്കുക ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചെറുവിമാന സർവീസുകൾ: മന്ത്രി

കാസർകോട് ∙ 8 മുതൽ 10 സീറ്റ് വരെയുള്ള ഒറ്റ എൻജിൻ(എയർ വാൻ) വിമാനങ്ങൾ ഉപയോഗിച്ച് കേരളത്തിലെ 9 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചെറു വിമാന സർവീസുകൾ നടത്തുന്നതിനുള്ള പദ്ധതിയാണ് പെരിയ എയർ സ്ട്രിപിൽ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ഉള്ളതിനാലും നിർദിഷ്ട പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭൂമി കുന്നിൻമുകളിൽ ആയതിനാലും പൂർണതോതിലുള്ള വിമാനത്താവളം നടപ്പിലാക്കുക എന്നത് പ്രായോഗികമല്ല എന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ആദ്യപടിയായി ബേക്കൽ, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും. ഇതിന് ഏകദേശം 1400 മീറ്റർ ദൈർഘ്യമുള്ള റൺവേ മതിയാകും. പെരിയയിൽ 80 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 54 ഏക്കർ സർക്കാർ ഭൂമിയും 26 ഏക്കർ സ്വകാര്യ ഭൂമിയുമാണ്. ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ സർവേ നടപടികളും പൂർത്തീകരിച്ചു. സാമൂഹിക ആഘാത പഠനവും പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ നിയോഗിച്ച ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി, റിപ്പോർട്ട് ലഭ്യമാക്കാൻ മഹീന്ദ്ര ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട മറ്റ് വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനായി ഗതാഗത വകുപ്പ്, ജില്ലാ കലക്ടറോട് നിർദ്ദേശിക്കുകയും ചെയ്തു. വിശദമായ പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ബിആർഡിസി(ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ)യെ എയർ സ്ട്രിപ് പദ്ധതിയുടെ നോഡൽ ഏജൻസിയായി നിയമിക്കാവുന്നതാണോ എന്നതു ഗതാഗത വകുപ്പുമായി വിശദമായ ചർച്ചകൾ നടത്തിയതിനുശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

